കാന്‍സര്‍ ഒരു ജീവിതാന്ത്യരോഗമായിട്ടാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ നേരത്തെയുള്ള കൃത്യമായ രോഗനിര്‍ണ്ണയവും ചികിത്സയും വഴി രോഗത്തെ ഫലപ്രദമായി അതിജീവിക്കാനാവുമെന്ന് ആധുനികവൈദ്യശാസ്ത്രം സമര്‍ത്ഥിക്കുന്നു. ആയുര്‍വേദം പോലുള്ള ഇതരവൈദ്യശാഖകള്‍ കാന്‍സറിനെ ഒരു രോഗമായിട്ടല്ല പരിഗണിച്ചുപോരുന്നതും. എന്തായാലും ദിവസേനയെന്നോണം കണ്ടെത്തപ്പെടുന്ന പുതിയ പുതിയ കാസറുകള്‍ ആധുനികമനുഷ്യജീവിതത്തെ ബാധിക്കുന്ന വലിയൊരു വെല്ലുവിളിതന്നെയാണ്. ജീവിതം കത്തിനില്‍ക്കുമ്പോള്‍ യാതൊരു മുന്നറിപ്പുമില്ലാതെ കാന്‍സറിന്റെ പിടിയിലമര്‍ന്ന് ദിവസങ്ങള്‍ക്കകം ഇല്ലാതായിത്തീരുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. പല പല കാരണങ്ങളാണ് കാന്‍സറിന്റെ പിന്നിലെന്ന് വൈദ്യശാസ്ത്രം പറയുന്നുണ്ടെങ്കിലും ജീന്‍പോലും എഡിറ്റുചെയ്യാന്‍ പറ്റുന്നൊരു കാലം അടുത്തെത്തിയിട്ടും ഇപ്പോഴും ഈ രോഗത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് സത്യം.
മറ്റേതൊരു രോഗത്തിനും സൃഷ്ടിക്കാനാകാത്ത ആഘാതം കാന്‍സറിന് സൃഷ്ടിക്കാന്‍ കഴിയും. ജീവിതത്തെ അത്യന്തം സങ്കീര്‍ണ്ണവും ദുരിതപൂര്‍ണ്ണവുമായൊരു അവസ്ഥയിലേക്ക് തള്ളിയിടാന്‍ ഈ രോഗത്തിന് കഴിയുന്നുണ്ട്. കാന്‍സര്‍ ഒരു ജീവിതത്തെ ഏതൊക്കെ വിധത്തിലാണ് ബാധിക്കുന്നത്, അതിന്റെ മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങള്‍, സമൂഹവും കുടുംബവും അതിനോട് പ്രതികരിക്കുന്ന രീതികള്‍ എന്നിങ്ങനെ അനേകം വശങ്ങള്‍ ഇതിനെ ചുറ്റിപ്പറ്റിയുണ്ട്. ഇത്തരം ഓരോ വശവും സൂക്ഷ്മമായി പഠനവിധേയമാക്കുകയും വിലയിരുത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഡോ.എന്‍. സുബ്രഹ്മണ്യന്‍ മജ്ജയിലൊരു ശുദ്ധികലശം എന്ന നോവല്‍ രചിച്ചിട്ടുള്ളത്.
കാന്‍സറിനെ കുറിച്ച് നിരവധി ഗ്രന്ഥങ്ങളുണ്ടായിട്ടുണ്ട്. വൈദ്യശാസ്ത്രപരമായും അല്ലാതെയുമുള്ള പുസ്തകങ്ങളും അതോടൊപ്പം കാന്‍സറിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട സാഹിത്യകൃതികളും കാന്‍സര്‍ചികിത്സകന്റെയും രോഗിയുടെയും എല്ലാം അനുഭവക്കുറിപ്പുകളുമെല്ലാം വായനക്കാരെ ആകര്‍ഷിച്ചുപോന്നിട്ടുള്ളതാണ്. ബുക്കര്‍ പുരസ്‌കാരം നേടിയ സിദ്ധാര്‍ത്ഥ് മുഖര്‍ജിയുടെ എംപറര്‍ ഓഫ് ആള്‍ മാലഡീസ് ലോകമെങ്ങും സ്വീകാര്യത നേടിയ കാന്‍സറിന്റെ ജീവചരിത്രമെന്ന് അറിയപ്പെട്ട പുസ്തകമാണ്. ഡോ.സുബ്രഹ്മണ്യന്റെ ഈ പുസ്തകം സാധാരണവായനക്കാര്‍ക്കുകൂടി കാന്‍സറിനെ മനസ്സിലാക്കാന്‍ സാധിക്കണമെന്ന് ഉദ്ദേശ്യത്തോടെ രചിച്ചൊരു നോവലാണ്. ലളിതമായി വായിച്ചുപോകാവുന്ന ഈ നോവലില്‍ മയലോമ എന്ന അര്‍ബുദം ബാധിച്ച ഒരു ഡോക്ടറുടെ ജീവിതമാണ് പറയുന്നത്. രോഗം സ്ഥിരീകരിച്ചതിനുശേഷമുള്ള അയാളുടെ അനുഭവത്തിലൂടെ കുടുംബം, ജോലി, സമൂഹം എന്നീ വിവിധ തലങ്ങളിലൂടെ അര്‍ബുദരോഗിയുടെ ജീവിതം വരച്ചുകാണിക്കുകയാണ്. രോഗിക്കും അടുത്തുനില്‍ക്കുന്നവര്‍ക്കും ഉണ്ടാകുന്ന മാനസികമായ അതിന്റെ പ്രത്യാഘാതങ്ങള്‍ അവഗണിക്കപ്പെടേണ്ടതല്ലെന്ന് നോവല്‍ ചൂണ്ടിക്കാട്ടുന്നു. ഒറ്റയിരുപ്പിന് വായിച്ചുപോകാവുന്ന നോവലിന്റെ ഘടന എങ്കിലും സാങ്കേതികമായ സംജ്ഞകള്‍ മുഴുവനും തന്നെ വായനക്കാര്‍ക്ക് മുഴച്ചുനില്‍ക്കാത്തവിധത്തില്‍ വായിച്ചെടുക്കാനും മനസ്സിലാക്കുവാനും സാധിക്കുന്ന വിധത്തിലാണ് ആഘ്യാനം. ഗ്രന്ഥ്കാരന്റെ സ്വന്തം ജീവിതമാണ് ഈ നോവലിലെ ആഖ്യാനമെന്നു അറിയുമ്പോൾ മാത്രമാണ് വായനക്കാരൻ വിസ്‌മയം കൊള്ളുക . മനഃശാസ്ത്രജ്ഞ വിദഗ്‌ധനായ ഡോകട്ർ സുബ്രമണ്യൻ തനറെ സ്വന്തം ജീവിതത്തിലും കഴിഞ്ഞ പത്തു വർഷമായി മയിലൊമയെ ചെറുത് ജീവിക്കുന്ന ഒരാൾ ആണ്
കാന്‍സറിനെ ഭയപ്പെടുകയല്ല, നേരിടുകയാണ് വേണ്ടതെന്നും അതിന് തയ്യാറാവാനുള്ള കരുത്താണ് ഈ പുസ്തകം നല്‍കുന്നത്. സമൂഹത്തില്‍ ദ്രുതഗതിയില്‍ പരന്നുകൊണ്ടിരിക്കുന്നൊരു രോഗത്തെ പരിപക്വതയോടെയും അന്ധവിശ്വാസനിര്‍മ്മുക്തമായും നേരിടുകയെന്ന ആത്മവിശ്വാസത്തിന്റെ കരുത്താണ് ഈ പുസ്തകം നല്‍കുന്നത്.